റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയില്‍ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍. ഓഗസ്റ്റ് 2-ന് ഉച്ചയ്ക്ക് 2 മണി വരെയാണ് സ്പീക്കര്‍ രബീന്ദ്ര നാഥ് മഹ്‌തോ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. പുറത്തുപോവാന്‍ വിസമ്മതിച്ച എംഎല്‍എമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ചാണ് നീക്കിയത്.

സഭ തുടങ്ങും മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നു. സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബിജെപി നിയമസഭാംഗങ്ങള്‍ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇവര്‍ ചില രേഖകള്‍ വലിച്ചുകീറുകയും ചെയ്തു.

തുടര്‍ന്ന് ഹാജരായ 20 ബിജെപി എംഎല്‍എമാരില്‍ 18 പേരെ മഹ്‌തോ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്പെന്‍ഡ് ചെയ്തിട്ടും അവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹം മാര്‍ഷലുകളെ വിളിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കി.

നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. 12.30 വരെ സഭ നിര്‍ത്തിവച്ചു. ഝാര്‍ഖണ്ഡില്‍ ഏകാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അമര്‍ ബൗരി ആരോപിച്ചു. ഈ സര്‍ക്കാരിനെ വേരോടെ പിഴുതുമാറ്റുമെന്നും ബൗരി കൂട്ടിച്ചേര്‍ത്തു.