പാരിസ്: ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യയ്ക്ക് ആഹ്ലാദ വാര്‍ത്ത. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ജര്‍മന്‍ താരം മിഷേല്‍ ക്രോപ്പനെ വീഴ്ത്തി ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആവേശകരമായ മത്സരത്തില്‍ 6 - 4നാണ് ദീപിക കുമാരിയുടെ വിജയം.

ഷൂട്ടിങ് റേഞ്ചില്‍നിന്ന് മനു ഭാക്കറിന്റെ ഹാട്രിക് മെഡല്‍ എന്ന സ്വപ്നനേട്ടം നേരിയ വ്യത്യാസത്തില്‍ പൊലിഞ്ഞെങ്കിലും, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്നെങ്കിലും മനു ഭാക്കര്‍ നാലാം സ്ഥാനത്തായി. ഷൂട്ടിങ്ങില്‍ നേരത്തേതന്നെ രണ്ടു മെഡലുകള്‍ നേടി മനു ഭാക്കര്‍ ചരിത്രം കുറിച്ചിരുന്നു.

ഒളിംപിക്‌സിന്റെ എട്ടാം ദിനത്തിലും പ്രതീക്ഷ കൈവിടാതെ ഇന്ത്യ. ബോക്‌സിങ്ങില്‍ ഒരു ജയം മാത്രം അകലെയുള്ള മെഡല്‍ ഇടിച്ചിടാന്‍ ലക്ഷ്യമിട്ട് പുരുഷ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ നിഷാന്ത് ദേവും റിങ്ങിലെത്തും. ഇന്നു ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. അര്‍ധരാത്രി 12.18നാണ് മത്സരം.

ഇനി ആര്‍ച്ചറിയില്‍ വനിതാ വിഭാഗം യോഗ്യതാ റൗണ്ടില്‍ ഭജന്‍ കൗര്‍ മത്സരിക്കുന്നുണ്ട്. ഷൂട്ടിങ്ങില്‍ വനിതാ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ റെയ്‌സ ദില്ലന്‍, മഹേശ്വരി ചൗഹാന്‍ എന്നിവര്‍ക്ക് മത്സരമുണ്ട്. സെയ്ലിങ്ങില്‍ പുരുഷ വിഭാഗം ഡിങ്കി റേസില്‍ വിഷ്ണു ശരവണന്‍ (ഉച്ചകഴിഞ്ഞ് 3.45), വനിതാ വിഭാഗം ഡിങ്കി റേസില്‍ നേത്ര കുമനന്‍ (വൈകിട്ട് 5.55) എന്നിവരും ഇന്നിറങ്ങും.