ഐസ്വാൾ: ഡോക്ടറുടെ മുഖത്തടിക്കുന്ന തന്റെ മകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വിവാദമായതോടെ സംഭവത്തിൽ മാപ്പു പറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറാംതാംഗ. ഐസ്വാളിലെ ത്വക്ക് രോഗവിദഗ്ധനെയാണ് മകൾ മിലാരി ഛങ്‌തേ മർദിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തിയ മിലാരിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതിൽ പ്രകോപിതയായാണ് മർദനം.

തലസ്ഥാനമായ ഐസ്വാളിലെ ക്ലിനിക്കിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് പുറത്തു വന്നത്. ക്ലിനിക്കിൽ ചികിൽസയ്ക്ക് വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാൻ മിലാരി തയാറായില്ല. ബുക്ക് ചെയ്തു വന്നാൽ മാത്രമേ ചികിൽസിക്കുകയുള്ളൂ എന്ന് ഡോക്ടർ അറിയിച്ചു. ഇതുകേട്ട് രോഷാകുലയായ മിലാരി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു.

തുടർന്ന് സമീപത്തുണ്ടായിരുന്നവർ മിലാരിയെ പിടിച്ചുമാറ്റി. വിഡിയോ വൈറലായതോടെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വിമർശനം ഉയർന്നു. ശനിയാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മിസോറം യൂണിറ്റിലുള്ള ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്.

 
 
 
View this post on Instagram

A post shared by Zoramthanga (@zoramthangaofficial)

വിമർശനവും പ്രതിഷേധവും ശക്തമായതോടെ മുഖ്യമന്ത്രി ക്ഷമാപണം നടത്തി. മകൾ അപമര്യാദയായി പെരുമാറിയെന്നും ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് സോറാംതാംഗ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.