ന്യൂഡൽഹി: പശു കള്ളക്കടത്തു നടത്തിയ അഞ്ച് പേരെ തന്റെ അനുയായികൾ മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മുൻ ബിജെപി എംഎൽഎ ജ്ഞാൻ ദേവ് അഹൂജയ്‌ക്കെതിരെ രാജസ്ഥാൻ പൊലീസ് കേസെടുത്തു. ഗോവിന്ദ് ഗഡിൽ ട്രാക്ടർ മോഷണമാരോപിച്ച് ഒരുകൂട്ടം ആളുകൾ തല്ലിക്കൊന്ന ചിരഞ്ജിലാൽ സെയ്‌നി എന്നയാളുടെ വീടു സന്ദർശിക്കുന്നതിനിടെ വിവാദപരാമർശം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

' ലാവണ്ടിയിലും ബെഹ്‌റോറിലുമടക്കം 5 കള്ളക്കടത്തുകാരെ എന്റെ ആൾക്കാർ തല്ലിക്കൊന്നിട്ടുണ്ട്. എന്തു വേണമെങ്കിലും ചെയ്തു കൊള്ളാൻ ഞാനെന്റെ ആൾക്കാർക്ക് അനുമതി കൊടുത്തിട്ടുണ്ട്. കേസു വന്നാൽ ജാമ്യത്തിലെടുക്കാനും കുറ്റത്തിൽ നിന്ന് മോചിപ്പിക്കാനും നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്' അഹുജ വിഡിയോയിൽ പറയുന്നു. നേരത്തേ രാജസ്ഥാനിൽ കൊല്ലപ്പെട്ട പെഹ്ലുഖാൻ, റക്‌ബർ ഖാൻ എന്നിവരാണു അഹുജ പരാമർശിച്ച 2 സംഭവങ്ങളിലുള്ളത്.

ബിജെപിയുടെ തനി സ്വഭാവമാണ് മുൻ എംഎൽഎയുടെ വാക്കുകളിലൂടെ പുറത്തു വന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്താസ്ര ആരോപിച്ചു. ഇതേസമയം, പശുവിനെ ആരാധിക്കുന്നവരാണ് ഹിന്ദുക്കളെന്നും ഇത്തരക്കാരോടുള്ള പ്രതികരണം ഇങ്ങനെയായിരിക്കുമെന്നും നിലപാടിൽ മാറ്റമില്ലെന്നും കേസെടുത്തശേഷവും അഹുജ മാധ്യമങ്ങളോടു പറഞ്ഞു.