മുംബൈ: മഹാരാഷ്ട്രയിൽ കോടതി വളപ്പിൽവെച്ച് പൊലീസ് വാനിൽ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ ജന്മദിനം ആഘോഷം. താനെ ജില്ലയിലെ കല്യാണിലാണ് പൊലീസ് കോടതിയിലെത്തിച്ച പ്രതി ഗുണ്ടാസംഘം നൽകിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനം ഉയർന്നു. പിന്നാലെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഉല്ലാസ്നഗർ സ്വദേശിയായ രോഹൻ ഝാ. വധശ്രമ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രോഹൻ ഝായെ ശനയാഴ്ചയാണ് താനെ റൂറൽ പൊലീസ് കല്യാണിലെ കോടതിയിൽ ഹാജരാക്കിയത്. രോഹനേയും മറ്റ് പ്രതികളേയും കൊണ്ട് വാൻ ജയിലിലേയ്ക്ക് പുറപ്പേടാൻ നേരമാണ് അൻപതോളം വരുന്ന അനുയായികൾ കേക്കുമായി എത്തിയത്.

രോഹൻ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ അനുനായികൾ ഇത് സമൂഹമാധ്യമങ്ങളിൽ അടക്കം പങ്കിട്ടു. ആശംസാഗാനം അടക്കം പാടിയായിരുന്നു ആഘോഷം. പൊലീസുകാരടക്കം വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു ജന്മദിനാഘോഷം. വീഡിയോ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമർശനമാണ് ഉയരുന്നത്. പൊലീസ് പ്രതിയെ കേക്ക് മുറിക്കാൻ അനുവദിച്ചതും ഇടപെടാതിരുന്നതുമാണ് വിവാദത്തിന് കാരണമായത്.