തിരുപ്പൂർ: നൊന്തുപെറ്റ മക്കളെ ഇരുമ്പ് കമ്പിക്ക് അതിക്രൂരമായി അടിച്ചു കൊന്ന ശേഷം പെറ്റമ്മയുടെ ആത്മഹത്യാ ശ്രമം. തിരുപ്പൂർ വെള്ളകോവിൽ അത്താംപാളയത്ത് കനകസമ്പത്തിന്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 13 വയസ്സുകാരിയായ മകൾ ഹർഷിതയും ഏഴു വയസ്സുകാരനായ മകൻ കലൈവേന്ദനും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ബേബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളായ ഹർഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് തിരികെ എത്തിയ ശേഷമാണ് സംഭവം. മൂവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കാർഷിക ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികൾ മരിച്ചതായും കണ്ടെത്തി. സമീപത്തായി വിഷം അകത്തുചെന്ന് അവശയായ രേവതിയെയും കണ്ടെത്തുകയായിരുന്നു.