- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കർഷകർ തടഞ്ഞ സംഭവം; പൊലീസിനും വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: പഞ്ചാബിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ ഫിറോസ്പുർ എസ്എസ്പിക്ക് വീഴ്ചയുണ്ടായെന്നു സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. വേണ്ടത്ര സമയവും സേനയും ലഭ്യമായിരുന്നിട്ടും വീഴ്ച സംഭവിച്ചെന്നാണു വിലയിരുത്തൽ. മഴ മൂലം ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി പ്രധാനമന്ത്രി റോഡ് മാർഗം വരുന്ന കാര്യം അന്നത്തെ പഞ്ചാബ് എഡിജിപി ആയിരുന്ന ജി.നാഗേശ്വർ റാവു കൃത്യസമയത്ത് എസ്എസ്പി അവനീത് ഹൻസിനെ അറിയിച്ചതാണ്. എന്നാൽ രണ്ട് മണിക്കൂറോളം സമയം ലഭിച്ചിട്ടും അദ്ദേഹം ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്ന് അഞ്ചംഗ സമിതി വിലയിരുത്തി.
സുപ്രീം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയുടെ അധ്യക്ഷതയിലുള്ള സമിതി തയാറാക്കിയ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു ജനുവരി 5നു പ്രധാനമന്ത്രിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഫിറോസ്പുരിൽ കർഷകർ തടഞ്ഞത്. 20 മിനിറ്റോളം കാത്തുകിടന്ന ശേഷം പരിപാടി റദ്ദാക്കി പ്രധാനമന്ത്രിക്കു ഡൽഹിക്കു മടങ്ങേണ്ടി വന്നതു രാഷ്ട്രീയ വിവാദവും ആയി.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാരുടെ കാര്യം പരിശോധിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കുക, സുരക്ഷാ ചട്ടങ്ങൾ ഉൾപ്പെടുന്ന 'ബ്ലൂ ബുക്കിൽ' ഉചിതമായ പരിഷ്കാരങ്ങൾ വരുത്തുക, സുരക്ഷാ ചുമതല വഹിക്കുന്നവർക്കു പരിശീലന കോഴ്സുകൾ സംഘടിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണു സമിതി നൽകിയത്. കർഷകരെ പ്രതിരോധിക്കാതെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ മൗനം പാലിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം.