ഹൈദരാബാദ്: കോവിഡും പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയുടെ മൂക്കിൽ നിന്ന് നീക്കം ചെയ്തത് 150 ഓളം പുഴുക്കളെ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ 50കാരിക്കാണ് ആറുമാസം മുൻപ് കോവിഡ് ബാധിച്ചത്. പിന്നാലെ ബ്ലാക്ക് ഫംഗസും പിടിപെടുകയായിരുന്നു. അർധ അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 50കാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.

അണുബാധ തലച്ചോറിലേക്കും വ്യാപിച്ചതിനെ തുടർന്ന് ഇവരുടെ വലത് കണ്ണ് നീക്കം ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് ഇവരുടെ വൃക്കയ്ക്ക് തകരാർ സംഭവിച്ചതായി സെഞ്ച്വറി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞദിവസം ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിലാണ് തലച്ചോറിന് താഴെ പുഴുക്കളെ കണ്ടെത്തിയത്. പ്രമേഹം കൂടുതലായിരുന്നതിനാലും വൃക്കയ്ക്ക് തകരാർ സംഭവിച്ചതിനാലും ഒരേസമയം 50കാരിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതും പുഴുക്കളെ നീക്കം ചെയ്യുന്നതും ശ്രമകരമായ ദൗത്യമായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു.