ന്യൂഡൽഹി: ഗുലാം നബി ആസാദ് പാർട്ടിയിൽനിന്നു രാജിവച്ചത് ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതൃത്വം. പാർട്ടി ബിജെപിക്കെതിരെ പോരാടുകയാണെന്നും മോശം സമയത്താണ് തീരുമാനമുണ്ടായതെന്നും ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചു.

''ഗുലാം നബി ആസാദ് വളരെ മുതിർന്ന നേതാവാണ്. വിഭാഗീയതയ്‌ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും പോരാടുന്നതിനിടെ അദ്ദേഹം പാർട്ടി വിട്ടത് സങ്കടകരമാണ്. കത്തിലെ ഉള്ളടക്കം പൂർണമായും ശരിയല്ല. ഏറ്റവും മോശം സമയത്താണ് രാജിവച്ചത്'' ജയ്‌റാം രമേശ് പറഞ്ഞു.

പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. രാജി അറിയിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയാണ് പാർട്ടിയുടെ നാശത്തിന് വഴിതുറന്നതെന്നും തിരിച്ചുവരാൻ സാധിക്കാത്ത വിധം പാർട്ടി സംവിധാനം തകർന്നുവെന്നും ഗുലാം നബി കുറ്റപ്പെടുത്തി.