ഗുവാഹതി: അസമിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജോലി ഒഴിവുകളിലേക്ക് പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിൽ ക്രമക്കേട് തടയാൻ കർശന നടപടി. 27 ജില്ലകളിൽ നാലുമണിക്കൂർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. രാവിലെ പത്തുമുതൽ 12 വരെയും ഉച്ചക്ക് രണ്ടുമുതൽ നാലുവരെയുമാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.

ഈ ജില്ലകളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 30,000 ഗ്രേഡ് മൂന്ന്, നാല് തസ്തികകളിലേക്ക് 14.3 ലക്ഷം പേരാണ് അപേക്ഷിച്ചത്.

ഒന്നാംഘട്ട പരീക്ഷ നടന്ന ഓഗസ്റ്റ് 21നും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. മൂന്നാംഘട്ടമായി നിരവധി തസ്തികകളിലേക്ക് സെപ്റ്റംബർ 11ന് പരീക്ഷ നടക്കും.