ലഖ്നൗ: സ്‌കൂൾ വിദ്യാർത്ഥികളെ വാഹനത്തിന്റെ മുകളിൽ വരെ ഇരുത്തി അപകടകരമായ ഒരു ഓട്ടോറിക്ഷായാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

വളരെ അശ്രദ്ധയോടെ വിദ്യാർത്ഥിസംഘത്തെ വാഹനത്തിന്റെ മുകളിൽ കയറ്റിയിരുത്തിയാണ് ഡ്രൈവറുടെ യാത്ര. നകടിയ ആർടി ഓഫീസ് കടന്ന് ഓട്ടോറിക്ഷ പോകുന്നതിന്റെ വീഡിയോയാണ് ട്വിറ്ററിലുള്ളത്. ഉദ്യോഗസ്ഥർ ഉറങ്ങുകയാണെന്നും ട്വീറ്റിൽ പരിഹസിച്ചിരിക്കുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും കുറിച്ചിട്ടുണ്ട്.

ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് പിഴ ചുമത്തിയതായും നിയമപ്രകാരമുള്ള മറ്റ് നടപടിക്രമങ്ങൾ വൈകാതെ സ്വീകരിക്കുമെന്നും അറിയിച്ച് ബറേലി പൊലീസ് ട്വീറ്റ് ചെയ്തു.