മുംബൈ: താനെയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ സ്‌കൂട്ടർ വെട്ടിച്ച യുവാവിന് ടാങ്കർ ലോറിക്കടിയിൽപ്പെട്ടു ദാരുണാന്ത്യം. 22കാരനായ ഗണേശ് ഫാലെയാണ് മരിച്ചത്. ദിവഅഗസൻ റോഡിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. എതിർവശത്തു നിന്നും ടാങ്കർ ലോറി വരുന്നതു കണ്ട് ഗണേശ് സൈഡ് കൊടുക്കുകയായിരുന്നു. പതുക്കെയാണ് വാഹനമോടിച്ചതെങ്കിലും കുഴിയിൽ ഇറക്കിയതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ഇതുകണ്ട കാൽനടയാത്രക്കാരൻ ഉടൻതന്നെ ലോറി നിർത്താൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

മഹാരാഷ്ട്ര നവനിർമ്മാൺ സേന എംഎൽഎ രാജു പാട്ടീൽ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. റോഡിന്റെ നവീകരണം പേപ്പറിൽ മാത്രം ഒതുങ്ങിയെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്.

ഗുരുതരമായി പരുക്കേറ്റ ഗണേശിനെ കൽവ സിവിക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രാദേശിക ദുരന്തനിവാരണ സെൽ മേധാവി അവിനാഷ് സാവന്ത് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.