ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് സമൻസ്. സെപ്റ്റംബർ 26ന് നടി ഹാജരാകണമെന്നാണ് ഡൽഹി പട്യാല കോടതിയുടെ നിർദ്ദേശം. 215 കോടിയുടെ കള്ളപ്പണക്കേസിൽ ജാക്വലിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ഡൽഹി പട്യാല കോടതി പരിഗണിച്ചു.

സുകേഷ് ചന്ദ്രൻ തട്ടിപ്പികാരനാണെന്ന് ജാക്വലിന് അറിയാമായിരുന്നു. സുകേഷുമായി ജാക്വലിൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. നേരത്തെ പത്ത് കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് സുകേഷ് നൽകിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടിയുടെ ഏഴ് കോടിയിലധികം രൂപയും സ്വത്തുക്കൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.

സുകേഷ് ചന്ദ്രൻ തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. മുപ്പത്തി മൂന്നുകാരനായ സുകേഷ് ചന്ദ്രൻ 32-ൽ അധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജയിലിൽ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നു. കേസിൽ 36കാരിയും ശ്രീലങ്കൻ പൗരയുമായി നടിയെ കേസിൽ ഇഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൻവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്ന് 215 കോടി തട്ടിയെടുത്ത് കടന്നുവെന്നാണ് കേസ്. തട്ടിപ്പ് നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്. സുകേഷിന്റെ 16 ആഡംബര കാറുകളും കടലിനോട് ചേർന്നുള്ള ബീച്ച് ബംഗ്ലാവും അടുത്തിടെ കണ്ടുകെട്ടിയിരുന്നു.