ചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ .സച്ചിൻ തപൻ, അന്മോൽ ബിഷ്‌ണോയി എന്നിവരെയാണ് പഞ്ചാബി പൊലീസ് അറസ്റ്റ് ചെയ്തത്. തപൻ അസർബൈജാനിൽ നിന്നും ബിഷ്ണോയി കെനിയയിൽ നിന്നുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഇരുവരും ലോറൻസ് ബിഷ്‌ണോയിയുടെ അടുത്ത സഹായികളായിരുന്നു. ഗോൾഡി ബ്രാറുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.

ഗായകനും രാഷ്ട്രീയ പ്രവർത്തകനുമായ സിദ്ധു മൂസെവാല കൊല്ലപ്പെടുന്നതിന് മുമ്പ് അറസ്റ്റിലായ ഇരുവരും രാജ്യം വിട്ടിരുന്നതായി പൊലീസ് പറയുന്നു. വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ചാണ് ഇരുവരും കടന്നു കളഞ്ഞത്. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്ത രാജ്യങ്ങളിലെ സർക്കാരുമായി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയായിരുന്നു.

അതേസമയം മൂസെവാലയുടെ കൊലപാതകത്തിൽ 1850 പേജുള്ള കുറ്റപത്രമാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ 20 പേരും മറ്റു രാജ്യങ്ങളിൽ പ്രതികളായ നാലുപേരും ഉൾപ്പെടെ 24 പേരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകനായി ഗോൾഡി ബ്രാറിനെയാണ് ചൂണ്ടിക്കാട്ടുന്നത്.