പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായും പട്‌നയിൽ കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം ഉണ്ടാക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാനാണ് നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ദിവാ സ്വപ്നക്കാരുടെ ഒത്തുചേരലാണു കൂടിക്കാഴ്ചയെന്നു ബിജെപി പരിഹസിച്ചു.

2024ൽ ബിജെപി മുക്ത ഭാരതം സൃഷ്ടിക്കാൻ തയാറാകണമെന്ന പ്രതിജ്ഞ കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന പൊതുപരിപാടിയിൽ കെസിആർ എടുത്തിരുന്നു. തൊട്ടു പിന്നാലെയാണു ബിഹാറിൽ ബിജെപി സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്നു സർക്കാർ ഉണ്ടാക്കിയ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കെസിആർ തുടരുന്നത്.

ബിജെപിയെ ഇല്ലാതാക്കിയാലേ രാജ്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന് കെഎസ്ആർ പറഞ്ഞു. ഗൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും തെലങ്കാനയിലുണ്ടായ അപകടത്തിൽ മരിച്ച ബിഹാറിൽനിന്നുള്ള തൊഴിലാളികളുടെ കുടുംബങ്ങൾക്കുമുള്ള ധനസഹായ വിതരണത്തിലും കെസിആർ പങ്കെടുത്തു. എന്നാൽ, കൂടിക്കാഴ്ചയെ ദിവാ സ്വപ്നക്കാരുടെ ഒത്തുചേരലാണെന്ന് പരിഹസിച്ച ബിജെപി നേതാവ് സുശീൽ കുമാർ മോദി, സംസ്ഥാനങ്ങളിൽ അടിത്തറ നഷ്ടപ്പെട്ടവർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

എൻസിപി മേധാവി ശരദ് പവാർ, ശിവസേനാ നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്വാദി പാർട്ടി (എസ്‌പി) നേതാവ് അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ വിവിധ പ്രതിപക്ഷ നേതാക്കളുമായി കെസിആർ ആശയവിനിമയം നടത്തിയിരുന്നു.