ഇംഫാൽ: എൻഡിഎ വിട്ട നിതീഷ് കുമാറിന് കനത്ത തിരിച്ചടി നൽകി ബിജെപി. മണിപ്പൂരിലെ എംഎൽമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. സംസ്ഥാനത്തെ ആറ് ജെഡിയു എംഎൽമാരിൽ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്. എംഎൽഎമാരുടെ പാർട്ടി മാറ്റം സ്പീക്കർ അംഗീകരിച്ചു. പാറ്റ്‌നയിൽ ജെഡിയു ദേശീയ നിർവാഹക സമിതി യോഗം ഞായറാഴ്ച നടക്കാനിരിക്കെയാണ് കൂടുമാറ്റം. ബിജെപിയുടെ ധാർമികത എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് സംഭവമെന്ന് ജെഡിയു പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലാണ് ജെഡിയു മണിപ്പൂരിൽ വിജയം നേടിയത്. ഇപ്പോൾ, എംഎൽഎമാരായ കെ എച്ച് ജോയ്കിഷൻ, എൻ സനറ്റെ, എം ഡി അച്ചബ് ഉദ്ദിൻ, മുൻ ഡിജിപി കൂടിയായ എൽ എം ഖൗത്തെ, തംഗ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. നേരത്തെ, ബിഹാറിലെ അടിക്ക് നിതീഷ് കുമാറിന് ബിജെപി കനത്ത തിരിച്ചടി നൽകിയിരുന്നു.

സഖ്യം ഉപേക്ഷിച്ച് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്റെ പാർട്ടിക്ക് അരുണാചൽ പ്രദേശിലുള്ള ഏക എംഎൽഎയെ സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപി തിരിച്ചടി നൽകിയത്.

ഏറ്റവും ഒടുവിൽ എംഎൽഎയായ ടെച്ചി കാസോ ബിജെപിയിൽ ചേർന്നതതോടെയാണ് അരുണാചലിൽ ജെഡിയുവിന്റെ പതനം പൂർത്തിയായത്. ഇതോടെ 60 അംഗ നിയമസഭയിൽ ബിജെപിക്ക് മാത്രമായി 49 എംഎൽഎമാരായി. 2019ൽ നടന്ന അരുണാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലേക്കാണ് ജെഡിയു മത്സരിച്ചത്.

ഇതിൽ ഏഴ് സീറ്റുകളിൽ വിജയം നേടാനും പാർട്ടിക്ക് സാധിച്ചിരുന്നു. ബിജെപിക്ക് ശേഷം ഏറ്റവും അധികം എംഎൽഎമാരുള്ള പാർട്ടി ആയിരുന്നു ജെഡിയു. എന്നാൽ, 2020 ഡിസംബറിൽ ജെഡിയുവിന്റെ ആറ് എംഎൽഎമാർ ബിജെപിയിൽ ചേരുകയായിരുന്നു. ബാക്കി അവശേഷിച്ച ടെച്ചോ കാസോയും ബിജെപി പാളയത്തിൽ എത്തിയതോടെ അരുണാചൽ നിയമസഭയിൽ ജെഡിയു സംപൂജ്യരായി മാറിയിരുന്നു.