കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിൽ പന്ത്രണ്ടാം ക്ലാസ്സുകാരി പ്രസവിച്ച ആൺകുട്ടിയെ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ വഴിത്തിരിവ്. പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് പത്താം ക്ലാസ്സുകാരനെ പൊലീസ് പിടികൂടി.

വ്യാഴാഴ്ച സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ മറ്റൊരു വിദ്യാർത്ഥിയാണ് വിവരം ഹെഡ് മാസ്റ്ററെ അറിയിച്ചത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയുടെ മൃതദേഹം പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ഇതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടി സ്‌കൂളിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്താം ക്ലാസ്സുകാരനെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പെൺകുട്ടി നിലവിൽ കാമരാജ് ആശുപത്രിയിൽ ചികിത്സയിലാണ്.