ഭോപ്പാൽ: മധ്യപ്രദേശിൽ കർണിസേനാ നേതാവിനെ കുത്തിക്കൊലപ്പെടുത്തി. കർണിസേനയുടെ ഇട്ടാർസിയിലെ സെക്രട്ടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്. നഗരസഭാ ഓഫീസിന് മുൻവശത്തുവെച്ച് മൂവർസംഘമാണ് രോഹിത്തിനെ ആക്രമിച്ചത്. രോഹിത്തിന് നേർക്കുണ്ടായ ആക്രമണം തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സച്ചിൻ പട്ടേലിനും കുത്തേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പ് രോഹിത് മരിച്ചതായി അധികൃതർ അറിയിച്ചു. സച്ചിൻ പട്ടേലിന്റെ നിലയും ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമിസംഘവും രോഹിത്തും തമ്മിൽ നേരത്തേയുണ്ടായിരുന്ന തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഇട്ടാർസി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ആർ. എസ്. ചൗഹാൻ അറിയിച്ചു.

രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സീപം നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം ഇവരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സംഘത്തിലൊരാൾ കത്തികൊണ്ട് രോഹിത്തിനെ തുടരെത്തുടരെ കുത്തുകയുമായിരുന്നു. പ്രതികളായ രാഹുൽ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.