ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് രാജിവച്ചു. കോർഡിനേഷൻ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങളിൽ തനിക്ക് നീതി പുലർത്താൻ സാധിക്കാത്തതിനാലാണ് രാജി എന്നാണ് യോഗേന്ദ്ര യാദവിന്റെ വിശദീകരണം.

സംയുക്ത കിസാൻ മോർച്ചയാണ് രാജിക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്ത നേതാവാണ് യോഗേന്ദ്ര യാദവ്.

കർഷക വിരുദ്ധ മോദി സർക്കാരിനെതിരെ പോരാടാൻ എല്ലാ പ്രസ്ഥാനങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തേണ്ടതിനാൽ മറ്റു പ്രസ്ഥാനങ്ങളുമായും താൻ ബന്ധം പുലർത്തുന്നുണ്ട്. ഇത് സംയക്ത കിസാൻ മോർച്ചയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബറിൽ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചതിന് പിന്നാലെ സംയുക്ത കിസാൻ മോർച്ച അദ്ദേഹത്തെ ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.