പട്‌ന: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കം. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വസതിയിലെത്തി സന്ദർശിച്ചു ചർച്ച നടത്തി. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി പാടില്ലെന്ന ആർജെഡി നിലപാടിനോടു നിതീഷ് കുമാറും യോജിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുനൂറോളം മണ്ഡലങ്ങളിൽ കോൺഗ്രസും ബിജെപിയുമായി നേരിട്ടുള്ള മത്സരമാണെന്ന യാഥാർഥ്യം അവഗണിച്ചുള്ള മൂന്നാം മുന്നണി അപ്രായോഗികമാണെന്ന നിലപാടാണ് ആർജെഡിക്കുള്ളത്.

ബിജെപി കോൺഗ്രസ് ഇതര പാർട്ടികളുടെ ഐക്യത്തിനായി നേരത്തേ ചില പാർട്ടികൾ നടത്തിയ നീക്കത്തോട് തേജസ്വി യാദവ് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക പാർട്ടികളുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മത്സരിക്കാൻ പാടില്ലെന്നതാണു തേജസ്വി യാദവിന്റെ നിർദ്ദേശം. കോൺഗ്രസ് പരമാവധി 250 സീറ്റിനപ്പുറം മത്സരിക്കരുത്. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളിൽ വിജയസാധ്യതയുള്ള പ്രാദേശിക പാർട്ടികളെ പിന്തുണയ്ക്കാൻ തയാറാകണം.

കോൺഗ്രസും പ്രാദേശിക പാർട്ടികളും ചേർന്നുള്ള ബിഹാർ മോഡൽ വിശാല സഖ്യത്തിനു വേണ്ടിയാകും ഡൽഹിയിൽ പ്രതിപക്ഷ കക്ഷി നേതാക്കളുമായുള്ള ചർച്ചയിൽ നിതീഷ് കുമാർ വാദിക്കുക. യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്ന നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസ് തയാറാകുമോയെന്നതാണു പ്രധാനം.