ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്‌സിന് കേന്ദ്ര സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (CDSCO) അനുമതി നൽകി. ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്. 'അടിയന്തര സാഹചര്യങ്ങളിൽ' മുതിർന്നവർക്കിടയിൽ 'നിയന്ത്രിത ഉപയോഗ'ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

മൂക്കിൽ കൂടി നൽകാവുന്ന വാക്‌സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്‌സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്‌സിൻ എടുക്കാൻ കഴിയുക.

ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) വാക്‌സീനായ 'ബിബിവി154' ന് ഡ്രഗ്‌സ് അഥോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയിൽ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. വാഷിങ്ടൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്‌സീൻ വികസിപ്പിച്ചത്.

ജൂൺ 19ഓടെ അന്തിമ ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. 4000 പേരിലായിരുന്നു പരീക്ഷണം. നേസൽ വാക്‌സിൻ നൽകിയതിന് ശേഷം ആർക്കും പാർശ്വഫലങ്ങൾ ഇതുമൂലം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് ഇപ്പോൾ തദ്ദേശീയമായി നിർമ്മിച്ച ഒരു വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്.

വാക്‌സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്‌സീനായി നൽകുമ്പോഴും മറ്റൊരു വാക്‌സീന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റർ ഡോസായി നൽകുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു.