ന്യൂഡൽഹി: ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ശക്തമായി തുടരുമെന്നും ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് ശക്തമായി പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഇന്ത്യാ സന്ദർശനത്തിൽ സംയുക്ത സന്ദേശം നൽകുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ശക്തമാണെന്ന കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത്.

ഭീകരതയ്ക്കെതിരെ ഇരുരാജ്യങ്ങളുടേയും സംയുക്തനീക്കം വിജയം കാണുകയാണ്, കോവിഡിനെയും ലോകത്തിലെ സാമ്പത്തിക പ്രതിസന്ധിയേയും ഒരുമിച്ച് നേരിടുന്നതിലും ഇരുരാജ്യങ്ങളും വിജയിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ ആറിന് മൈത്രി ദിവസം ആഘോഷിച്ചതിലൂടെ ഇന്ത്യ ബംഗ്ലാ ദേശുമായുള്ള ബന്ധം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് മേഖലയിലെ ഏറ്റവും മികച്ച വാണിജ്യ പങ്കാളിയാണ്. 54 നദികളുടെ ബന്ധം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുണ്ട്. ഇത് രക്തബന്ധത്തോളം ശക്തമാണ്. സാംസ്‌കാരികവും ഭരണപരവുമായ എല്ലാ രംഗത്തും പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.