മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റിലെ ലിഫ്റ്റിൽ നിന്നും ഇറങ്ങുന്നതിനിടെ വളർത്തുനായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

ലിഫ്റ്റിൽ നിന്നും ഇറങ്ങുന്നതിനിടെ മറ്റൊരാൾ വളർത്തുപട്ടിയുമായി കയറാൻ കാത്തുനിൽക്കുകയായിരുന്നു. ഇറങ്ങുന്നതിനിടെ ഉടമ അതിനെ പിടിച്ചുമാറ്റിയെങ്കിലും നായ തിരിഞ്ഞുനിന്ന് യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുന്നത് വീഡിയോയിൽ കാണാം.

ഉത്തർപ്രദേശിലെ ഗസ്സിയാബാദിലെ ഹൗസിങ് സൊസൈറ്റി ലിഫ്റ്റിനുള്ളിൽ വളർത്തുനായ ഒരു ആൺകുട്ടിയെ കടിച്ചതിന്റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നായയുടെ ഉടമയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആൺകുട്ടിക്ക് കടിയേറ്റത്.

നോയിഡയിലെ സെക്ടർ 75ലെ അപെക്സ് അഥീന സൊസൈറ്റിയിലെ ലിഫ്റ്റിൽ നിന്നും യുവാവിനെ നായ ചാടിക്കടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നു.ലിഫ്റ്റ് നിർത്തി പുറത്തേക്കിറങ്ങുമ്പോൾ നായ യുവാവിനെ ചാടി കടിക്കുകയാണ്. അതിനിടെ യുവാവ് ലിഫ്റ്റിൽ മലർന്നടിച്ച് വീഴുന്നതു വീഡിയോയിൽ കാണാം.