- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ പത്തു വർഷത്തിനിടെ സർക്കാർ രൂപീകരണത്തിന് ആറു പരീക്ഷണങ്ങൾ; വാക്പോരുമായി പ്രശാന്ത് കിഷോറും നിതീഷ് കുമാറും
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറും തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വാക്‌പോരു മുറുകുന്നു. പത്തു വർഷത്തിനിടെ സർക്കാർ രൂപീകരണത്തിൽ നിതീഷ് കുമാറിന്റെ ആറു പരീക്ഷണങ്ങൾക്കു ബിഹാർ സാക്ഷ്യം വഹിച്ചുവെന്ന പ്രശാന്ത് കിഷോറിന്റെ പരിഹാസമാണു വാക്‌പോരിനു തുടക്കമിട്ടത്.
മഹാസഖ്യത്തിലേക്കു തിരിച്ചു പോയ നിതീഷിന്റെ അവസാന പരീക്ഷണം വിജയിക്കുമോയെന്ന സംശയവും പ്രശാന്ത് കിഷോർ പ്രകടിപ്പിച്ചു. എന്നാൽ പ്രശാന്ത് കിഷോറിനു രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ബാലപാഠങ്ങൾ അറിയില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
പ്രതിപക്ഷ ഐക്യത്തിനായുള്ള നിതീഷ് കുമാറിന്റെ ശ്രമങ്ങൾ ഫലിക്കാനിടയില്ലെന്ന അഭിപ്രായ പ്രകടനവുമുണ്ടായി. പ്രധാനമന്ത്രി പദ മോഹികൾ ഏറെയുണ്ടെന്നതാണു പ്രതിപക്ഷ ഐക്യത്തിനു വിഘാതമായി പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടുന്ന കാരണം.
എന്നാൽ പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങൾ അർഥശൂന്യവും അപ്രസക്തവുമാണെന്നും നിതീഷ് പറഞ്ഞു. പ്രശാന്ത് കിഷോർ ജനതാദളിൽ (യു) ഉണ്ടായിരുന്ന കാലത്ത് മറ്റു പാർട്ടികൾക്കായുള്ള തിരഞ്ഞെടുപ്പ് ഉപദേശക പരിപാടി ഉപേക്ഷിക്കാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല. തിരഞ്ഞെടുപ്പു പ്രചരണ ബിസിനസിലായിരുന്നു പ്രശാന്തിനു കൂടുതൽ താൽപര്യമെന്നും നിതീഷ് കുറ്റപ്പെടുത്തി. പ്രസ്താവനകളിലൂടെ വാർത്തകൾ സൃഷ്ടിക്കാൻ പ്രശാന്ത് കിഷോർ മിടുക്കനാണ്. ഇതിലൂടെ ബിജെപിയെ സഹായിക്കാനാണു പ്രശാന്ത് കിഷോർ ശ്രമിക്കുന്നതെന്നും നിതീഷ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ കൈകൂപ്പി വണങ്ങുന്ന നിതീഷ് കുമാറിന്റെ ചിത്രം ട്വീറ്റ് ചെയ്താണു പ്രശാന്ത് കിഷോർ ഇതിനോടു പ്രതികരിച്ചത്. വൈകാതെ ചിത്രം പിൻവലിക്കുകയും ചെയ്തു. ഒരു വർഷം 10 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന വാഗ്ദാനം നടപ്പാക്കാൻ നിതീഷിനെ പ്രശാന്ത് കിഷോർ വെല്ലുവിളിച്ചു. വാഗ്ദാനം നടപ്പാക്കിയാൽ നിതീഷിനെ നേതാവായി അംഗീകരിക്കാൻ തയാറാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.