ഹൈദരാബാദ്: തെലങ്കാനയിൽ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമയുടെ റാലിക്കിടെ സ്റ്റേജിൽ കയറി പ്രതിഷേധം. ശർമ പ്രസംഗിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് കയറി മൈക്ക് തട്ടിമാറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗണേശോത്സവത്തിന്റെ ഭാഗമായി ഭാഗ്യനഗർ ഗണേശോത്സവ സമിതിയുടെ അതിഥിയായാണ് ശർമ തെലങ്കാനയിലെത്തിയത്.

ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസ്. പാർട്ടി കൊടിയുടെ നിറമായ മജന്ത ഷാൾ ധരിച്ചാണ് ഒരാൾ പ്രതിഷേധിച്ചത്. ഹൈദരാബാദിലെ ഗണേശ ക്ഷേത്രം സന്ദർശിച്ച ശേഷം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ രൂക്ഷമായി ശർമ വിമർശിച്ചിരുന്നു. ബിജെപി മുക്ത രാഷ്ട്രീയത്തേക്കുറിച്ചാണ് കെസിആർ സംസാരിക്കുന്നത്. കുടുംബാധിപത്യം അവസാനിക്കാൻ പോകുന്നതിനെ കുറിച്ചാണ് ഞങ്ങൾ പറയുന്നത് എന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ അസം മുഖ്യമന്ത്രി പറഞ്ഞത്.

രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ് സർക്കാരുകളുണ്ടാകേണ്ടത്, അല്ലാതെ ഒരു കുടുംബത്തിന് വേണ്ടിയല്ല- ഹിമന്ത് ബിസ്വ ശർമ കൂട്ടിച്ചേർത്തു. അതേസമയം, 2024-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ടിആർഎസ്-ബിജെപി വാക്പോര് രൂക്ഷമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടുത്ത വിമർശനമാണ് കെ.സി.ആർ ഉന്നയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും എതിരെ ഒരുമിച്ച് നിൽക്കാൻ വിവിധ കക്ഷികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.