ലഖ്‌നോ: നവജാത ശിശുവിനെ മുസ്ലിം ദമ്പതികൾക്ക് കൈമാറിയതിൽ ഉത്തർപ്രദേശിൽ വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധം. പ്രതിഷേധം ശ്ക്തമായതോടെ ആശുപത്രി പൂട്ടിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

നിഗോഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ത്രലോക്പൂർ ഗ്രാമത്തിലുള്ള സംഗീത എന്ന സ്ത്രീക്കാണ് ഷാജഹാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞ് പിറന്നത്. അഞ്ച് പെൺമക്കളുള്ളതിനാൽ ആറാമത്തെ പെൺകുഞ്ഞിനെ പരിപാലിക്കാനോ ചികിത്സാ ചെലവ് നൽകാനോ ദമ്പതികൾക്ക് സാധിക്കാതായതോടെ ആശുപത്രി ഉടമ അശോക് റാത്തോഡ് ആണ് കുഞ്ഞിനെ കൈമാറാൻ നിർദേശിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ വി.എച്ച്.പി പ്രതിഷേധം ആരംഭിച്ചു. ഇതോടെ മുസ്ലിം ദമ്പതികൾ കുഞ്ഞിനെ തിരികെ നൽകുകയും ചെയ്തു. ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെട്ട് ആശുപത്രിയിലെത്തിയെങ്കിലും ഉടമ അശോക് റാത്തോഡിനെ കണ്ടെത്താനായില്ല. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആശുപത്രിക്ക് രജിസ്‌ട്രേഷനില്ലെന്ന് ആക്ഷേപം ഉയരുകയും ചെയ്തതോടെ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ആശുപത്രിക്കെതിരായ നടപടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.കെ. ഗൗതം സ്ഥിരീകരിച്ചു.