ദോഹ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 20 പുതിയ പ്രതിവാര വിമാന സർവീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ ദോഹയിലേക്ക് പറക്കുക.

2022 ഒക്ടോബർ 30 മുതൽ ഈ സർവീസുകൾക്ക് തുടക്കമാകും. ആഴ്ചയിൽ 13 സർവീസുകൾ മുംബൈയിൽ നിന്നും നാലെണ്ണം ഹൈദരാബാദിൽ നിന്നും മൂന്ന് സർവീസുകൾ ചെന്നൈയിൽ നിന്നും ദോഹയിലേക്ക് പറക്കും. ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സർവീസുകൾക്ക് പുറമെയാണ് പുതിയ സർവീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.