- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനം: പൊലീസ് സ്റ്റേഷനുള്ളിൽ എഎസ്ഐ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
ചണ്ഡീഗഡ്: ഹരിയാനയിലെ ഹോഷിയാർപുരിൽ പൊലീസ് സ്റ്റേഷനിലുള്ളിൽ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള സതീഷ് കുമാർ എന്ന പൊലീസുകാരനാണ് മരിച്ചത്. മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനം മൂലമാണ് സതീഷ് കുമാർ സ്വയം വെടിയുതിർത്ത് മരിച്ചതെന്നാണ് സഹപ്രവർത്തകർ ആരോപിച്ചു.
താണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെയാണ് ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ മേലുദ്യോഗസ്ഥനായ ഓംകാർ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാർ ഉന്നയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന പരിശോധനയ്ക്കിടെ സതീഷ് കുമാറിനെ ഓംകാർ സിങ് അപമാനിച്ചുവെന്നാണ് ആരോപണം. വീഡിയോയിൽ സതീഷ് കുമാർ പറയുന്നതിങ്ങനെ: പഞ്ചാബ്, ഹരിനായ കോടതികളിൽ പരിഗണിക്കാനിരിക്കുന്ന കേസുകളെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. എന്നാൽ ഞാൻ കൈകാര്യം ചെയ്യുന്ന ഒരു കേസ് മാത്രമേ ഉള്ളൂവെന്നും മറ്റ് കേസുകളുടെ വിശദാംശങ്ങൾ അതത് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും മറുപടി നൽകി. ആ മറുപടി ഉദ്യോഗസ്ഥന് പിടിച്ചില്ല. തന്നെ അപമാനിക്കാൻ തുടങ്ങി. പലതും പറഞ്ഞ് അപമാനിക്കുകയും തനിക്കെതിരേ റിപ്പോർട്ട് എഴുതുകയും ചെയ്തു. അതിന്റെ മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും സതീഷ് കുമാർ വീഡിയോയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലംമാറ്റി. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിലുള്ള തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.