ബെംഗളൂരു: ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ കാർ ഉപേക്ഷിച്ച് മൂന്ന് കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി! സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗസ്സ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാറാണ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ഗതാഗതക്കുരുക്കിനെ ഓടിത്തോൽപിച്ചത്.

'പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാൾക്കാണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ് ഡോക്ടർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ വൻ ഗതാഗത കുരുക്കാണ് റോഡിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര മാറത്തഹള്ളി റോഡിൽ എത്തിയപ്പോൾ കുടുങ്ങി. ആശുപത്രിയിലേക്ക് 10 മിനിറ്റ് ഡ്രൈവ് കൂടി മതിയായിരുന്നു. എന്നാൽ ഇഴഞ്ഞിഴഞ്ഞ് ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലായതോടെ കാറിൽ നിന്നിറങ്ങി ഓടി ആശുപത്രിയിലെത്തി. ദിവസവും വ്യായാമം ചെയ്യുന്നതിനാൽ പ്രയാസമൊന്നും തോന്നിയില്ല. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതപ്രശ്‌നത്തിനു പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ അത്യാഹിതങ്ങൾ ഉണ്ടാകും,' ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ബെംഗളൂരുവിൽ നേരത്തേ മരണം വരെ സംഭവിച്ചിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തു സമയത്ത് എത്തണമെങ്കിൽ മണിക്കൂറുകൾക്കു മുൻപേ വീട്ടിൽ നിന്ന് ഇറങ്ങണമെന്നതാണ് അവസ്ഥ.