- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി കിരീടാവകാശിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി
റിയാദ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് കൈമാറി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് കത്ത് കൈമാറ്റമുണ്ടായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. ഈ കൂടിക്കാഴ്ചയോടെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദർശനം പൂർത്തിയാക്കി മന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
ജി 20 അടക്കമുള്ള വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. രാഷ്ട്രീയപരമായും വാണിജ്യപരമായും ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിയാണ് സൗദി അറേബ്യയെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
ആഗോള രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ നിലവിലെ സാഹചര്യങ്ങളാണ് വിദേശകാര്യമന്ത്രിമാരുടെ അധ്യക്ഷതയിൽ നടന്ന സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിൽ പ്രധാനമായും ചർച്ച ചെയ്തത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഉടമ്പടികളുടെ പുരോഗതിയും യോഗം വിലയിരുത്തി. ചർച്ച ഏറെ ഊഷ്മളവും ഗുണപരവുമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 4286 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയിൽ 318 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദി അറേബ്യയ്ക്ക് ഉള്ളതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഐടി, നിർമ്മാണമേഖല, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യയും സൗദിയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കും ഒന്നിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.