ചണ്ഡീഗഢ്: പഞ്ചാബിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി. ശ്രമിക്കുന്നെന്ന ആരോപണം ഉന്നയിച്ച് ആംആദ്മി പാർട്ടി നേതാക്കൾ. പഞ്ചാബിലെ എ.എ.പിയുടെ എംഎ‍ൽഎമാരോട് വലിയ നേതാക്കന്മാരെ കാണാൻ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും പാർട്ടി മാറാൻ കോടികൾ വാഗ്ദാനം ചെയ്തുവെന്നുമാണ് ആരോപണം. പഞ്ചാബിലെ ആംആദ്മി പാർട്ടി സർക്കാരിലെ ധനമന്ത്രിയായ ഹർപാൽ ചീമയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ചീമയുടെ ആരോപണങ്ങൾ ബിജെപി. നേതൃത്വം തള്ളിക്കളഞ്ഞു.

ഡൽഹിയിലേക്ക് വരൂ. ബിജെപിയുടെ വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാം- എന്ന് പറഞ്ഞ് തങ്ങളുടെ ഒരു എംഎ‍ൽഎയ്ക്ക് ഫോൺ കോൾ വന്നുവെന്നും ചീമ പറഞ്ഞു. പാർട്ടിമാറാൻ ഓരോ എംഎ‍ൽഎയ്ക്കും 25 കോടി വീതമാണ് ബിജെപി. വാഗ്ദാനം ചെയ്യുന്നത്. ഓപ്പറേഷൻ താമര കർണാടകയിൽ വിജയിച്ചിട്ടുണ്ടാകും. എന്നാൽ ഡൽഹിയിലെ എംഎ‍ൽഎമാർ ഉറച്ചുനിൽക്കുകയും ബിജെപിയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു- ചീമ ചണ്ഡീഗഢിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബിലെ സർക്കാരിൽ മാറ്റം വരികയാണെങ്കിൽ എംഎ‍ൽഎമാർക്ക് വലിയ പ്രൊമോഷനും പദവികളും ലഭിക്കുമെന്നും എംഎ‍ൽഎമാർക്ക് വാഗ്ദാനം ലഭിച്ചതായി ചീമ കൂട്ടിച്ചേർത്തു. പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാരിനെ താഴെയിറക്കാൻ ആവശ്യപ്പെട്ട് എ.എ.പി. എംഎ‍ൽഎമാർക്ക് നിരവധി തവണ ഫോൺവിളികൾ വന്നുവെന്നും ചീമ പറഞ്ഞു. എത്ര എ.എ.പി. എംഎ‍ൽഎമാരെ ബിജെപി. സമീപിച്ചുവെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പത്തോളം എന്നായിരുന്നു ചീമയുടെ മറുപടി. കഴിഞ്ഞ ഒരാഴ്ചയായി ബിജെപി. തങ്ങളുടെ എംഎ‍ൽഎമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്നും നേരിട്ടും അല്ലാതെയുമായി 7-10 എംഎ‍ൽഎമാരെ സമീപിച്ചുവെന്നും ചീമ പറഞ്ഞു. ശരിയായ സമയത്ത് തെളിവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീമയുടെ ആരോപണങ്ങൾ തള്ളി ബിജെപി. രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി. പഞ്ചാബ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് ശർമ പറഞ്ഞു. സർക്കാരിനെ വീഴ്‌ത്താൻ ബിജെപി. ശ്രമിക്കുന്നെന്ന ചീമയുടെ അടിസ്ഥാനരഹിതമായ ആരോപണം വിരൽചൂണ്ടുന്നത് പഞ്ചാബിലെ എ.എ.പി. വലിയ പിളർപ്പിലേക്ക് കടക്കുന്നു എന്നതിലേക്കാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ രണ്ട് എംഎ‍ൽഎമാരാണ് ബിജെപിക്കുള്ളത്.