നോയിഡ: ഭക്ഷണമുണ്ടാക്കാൻ വൈകിയതിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ തവ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. സെക്ടർ 59 മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സെക്ടർ 66ലെ വാടക കെട്ടിടത്തിലാണ് 37കാരനായ അനുജ് കുമാറും ഭാര്യ ഖുഷ്ബുവും താമസിച്ചിരുന്നത്. ബിഹാർ സ്വദേശികളാണ് ഇരുവരും. അനുജ് ഇവിടെ ഓട്ടോ ഡ്രൈവറായിരുന്നു. തിങ്കളാഴ്ച രാത്രിയിലെ ഭക്ഷണം പാകം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു തർക്കം. അഞ്ച് വയസ് പ്രായമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

കൊലപാതകം നടന്ന വിവരം സമീപവാസികളാണ് തങ്ങളെ അറിയിച്ചതെന്ന് ഫേസ് 3 പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന വിജയ് കുമാർ പറഞ്ഞു. പ്രതി അനുജിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.