ന്യൂഡൽഹി: ഗോവയിലെ കോൺഗ്രസ് എം എൽ എ മാരുടെ കൂറുമാറ്റത്തിന് പിന്നിൽ ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ടുള്ള ബിജെപിയുടെ ഭയമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. ബിജെപി ഓപ്പറേഷൻ നേരത്തെയാക്കി. വ്യാജവാർത്തകളും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളും കൊണ്ട് യാത്ര അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണ്.

ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കോൺഗ്രസ് മറികടക്കുമെന്നും ജയറാം രമേഷ് പറഞ്ഞു. രാഹുൽ ഗാന്ധി 'ഭാരത് ജോഡോ യാത്ര' നടത്തുമ്പോൾ, രാജ്യത്ത് 'കോൺഗ്രസ് ഛോഡോ യാത്ര'യ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കരങ്ങൾക്ക് കരുത്തു പകരുക ലക്ഷ്യമിട്ടാണ് തങ്ങൾ ബിജെപിയിൽ ചേരുന്നതെന്ന് മൈക്കൽ ലോബോ പറഞ്ഞു.