കൊൽക്കത്ത: ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചാൽ രണ്ട് ബിജെപി പ്രവർത്തകരെ തിരിച്ചാക്രമിക്കുമെന്ന മുന്നറിയിപ്പുമായി പശ്ചിമബംഗാൾ മന്ത്രി. കൊൽക്കത്തയിലെയും ഹൗറയിലെയും ബിജെപി പ്രകടനങ്ങൾ അക്രമാസക്തമായതിന് പിന്നാലെ ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിലാണ് മന്ത്രി ഉദയൻ ഗുഹയുടെ പ്രസ്താവന.

'നമ്മൾ കൈകളിൽ വളയിട്ട് ഇരിക്കുകയല്ല. നമ്മുടെ ആൺകുട്ടികൾ ആക്രമിക്കപ്പെട്ടാൽ, നമ്മൾ വെറുതെയിരിക്കുമെന്ന് അവർ വിചാരിക്കരുത്. നമ്മളിലൊന്നിനെ തൊട്ടാൽ, അവർക്കോർമ്മയുണ്ടാകണം രണ്ട് പേരെ ആക്രമിച്ചാകും നമ്മൾ തിരിച്ചടിക്കുകയെന്ന്'. ഉദയൻ ഗുഹ പറഞ്ഞു.

വിഡ്ഢിത്തം വിളമ്പുന്ന തൃണമൂൽ നേതാക്കളിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഉദയൻ ഗുഹയുടെ പ്രസ്താവനയോടുള്ള ബിജെപിയുടെ പ്രതികരണം. തൃണമൂൽ നേതാക്കളുടെ ദുഷ്പ്രവർത്തികൾ വെളിവാക്കപ്പെടുന്നതിലുള്ള നിരാശയും പരിഭ്രമവുമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.