ബാർമർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ മകളുടെ പുനർവിവാഹം നടത്തിയതിന്റെ പ്രതികാരമായി 55കാരന്റെ മൂക്കും രണ്ട് ചെവികളും മുറിച്ചുമാറ്റി. ആദർശ് സോണ്ടി ഗ്രാമവാസിയായ സുഖ്റാം വിഷ്ണോയിക്കു നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായ സുഖ്റാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി സുഖ്റാം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. മകളുടെ ആദ്യഭർത്താവിന്റെ വീട്ടുകാരെന്ന് ആരോപിക്കപ്പെടുന്ന ചിലർ മർദിക്കുകയും മൂക്കും ചെവിയും മുറിക്കുകയുമായിരുന്നു. സുഖ്റാമിന്റെ കാലിനും ഒടിവുണ്ടായി.

മൂന്ന് വർഷം മുൻപ് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു വന്ന മകളെ, സുഖ്റാം മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചയച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ആക്രമിച്ചതെന്നാണു വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നു സേദ്വ പൊലീസ് അറിയിച്ചു.