ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. ഇതോടെ യുവാക്കൾക്ക് അടക്കം തിയേറ്ററിൽ എത്തി സിനിമകൾ ആസ്വദിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. പുൽവാമയിലും ഷോപിയാനിലുമുള്ള തിയേറ്ററുകളുടെ പ്രദർശന ഉദ്ഘാടനം ജമ്മു കശ്മീർ ലെഫ്റ്റ്‌നന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ്, സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചത് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം എന്നാണ് ലെഫ്റ്റ്‌നന്റ് ഗവർണർ മനോജ് സിൻഹ തിയേറ്ററുകൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിച്ചത്.

ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ ശക്തമായതിനെ തുടർന്ന് തൊണ്ണൂറുകളിലാണ് സിനിമാശാലകൾ അടച്ചുപൂട്ടിയത്. ദീർഘകാലത്തിന് ശേഷം തിയേറ്ററിൽ സിനിമ കാണാനുള്ള അവസരമാണ് കശ്മീർ സ്വദേശികൾക്ക് ലഭ്യമായിരിക്കുന്നത്. യുവാക്കളിൽ പലർക്കും ആദ്യമായാണ് തിയേറ്ററിൽ സിനിമ കാണാൻ സാധിക്കുന്നത്.

ഫുഡ് കോർട്ട് ഉൾപ്പെടെ രാജ്യത്തെ മറ്റിടങ്ങളിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ജമ്മു കശ്മീരിലെ തിയേറ്ററുകളിലും ലഭ്യമാക്കുമെന്ന് ഉടമസ്ഥനായ വിജയ് ധർ പറഞ്ഞു. മനോഹരമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമായ ജമ്മു കശ്മീർ ഒരുകാലത്ത് ഷൂട്ടിങ് സംഘങ്ങളുടെയും ഇഷ്ട ലൊക്കേഷനായിരുന്നു. എന്നാൽ തീവ്രവാദി ആക്രമണങ്ങളെ ഭയന്ന് ഷൂട്ടിങ് സംഘങ്ങൾ കശ്മീരിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ ഇതിനും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.