പുണെ: രാജ്യത്തു വനിതാ സംവരണം നടപ്പാക്കാൻ ഉത്തരേന്ത്യയുടെയും പാർലമെന്റിന്റെയും മാനസികാവസ്ഥ അനുകൂലമല്ലെന്നും വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. പുണെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളും ലോക്സഭാംഗവുമായ സുപ്രിയ സുളെയുമായുള്ള സംവാദത്തിനിടെയാണ് പരാമർശം.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യുന്ന ബിൽ ഇനിയും പാസാകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള മറുപടിയിലാണു പവാർ നിലപാട് വ്യക്തമാക്കിയത്. താൻ കോൺഗ്രസിന്റെ ലോക്സഭാംഗമായിരുന്ന കാലം മുതൽ വിഷയം പാർലമെന്റിൽ സംസാരിക്കാറുണ്ടെന്നും പവാർ കൂട്ടിച്ചേർത്തു.

''പാർലമെന്റിന്റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിതാ സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാൻ കോൺഗ്രസ് എംപി ആയിരുന്നപ്പോൾ മുതൽ ഈ വിഷയത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഈ വിഷയത്തിൽ പ്രസംഗം പൂർത്തിയാക്കി തിരിഞ്ഞുനോക്കിയപ്പോൾ, എന്റെ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയതാണു കണ്ടത്. എന്റെ പാർട്ടിയിലെ ആളുകൾക്ക് പോലും ദഹിക്കുന്നില്ല എന്നാണ് ഇതിനർഥം.

ഞാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നിവിടങ്ങളിൽ വനിതാ സംവരണം കൊണ്ടുവന്നു. ആളുകൾ ആദ്യം എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു'' ശരദ് പവാർ വിശദീകരിച്ചു. 1996 സെപ്റ്റംബർ 12ന് ആണ് വനിതകൾക്ക് 33% സീറ്റ് സംവരണം വേണമെന്ന ഭരണഘടനാ ഭേദഗതി ബിൽ ആദ്യമായി ലോക്സഭ ചർച്ചയ്‌ക്കെടുത്തത്. ഇത്രകാലമായിട്ടും ഒരു നിയമസഭയിലും ലോക്‌സഭയിലും 15 ശതമാനത്തിലേറെ വനിതാ പ്രാതിനിധ്യമില്ലെന്നാണു കണക്ക്.