കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസും സുവേന്ദു അധികാരി നയിക്കുന്ന ബിജെപിയും വീണ്ടും നേർക്കുനേർ പൊരുതിയ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം കൊയ്തു.

നന്ദിഗ്രാമിലെ കർഷക സഹകരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയം നേടിയത്. ബെകുതിയ സംഭയ് കൃഷി സമിതി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12ൽ 11 സീറ്റും ബിജെപി നേടി. ഒരു സീറ്റാണ് തൃണമൂൽ കോൺഗ്രസിന് ലഭിച്ചത്. നേരത്തെ തൃണമൂൽ കോൺഗ്രസ് ഭരണസമിതിയാണ് ഇവിടെ ഉണ്ടായിരുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാം നിയോജക മണ്ഡലത്തിൽ മമത ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടിയപ്പോൾ സുവേന്ദുവിനായിരുന്നു വിജയം.

ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രദേശത്താകെ സംഘർഷ സാധ്യത നിലനിന്നിരുന്നു. പുറത്തുനിന്നുള്ളവരെ എത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിച്ചെങ്കിലും ജനങ്ങൾ അതിനെ തോൽപ്പിച്ചെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ വിസമ്മതിച്ചു.