കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചെന്നു പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഛേത്രിയെ ഗവർണർ ലാ ഗണേശൻ കൈകൊണ്ട് തള്ളുന്ന വിഡിയോ പുറത്തുവന്നു.

ഡ്യൂറന്റ് കപ്പ് ഫൈനലിനു പിന്നാലെ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് മണിപ്പൂർ - പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ലാ ഗണേശനെതിരേ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്. ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപിച്ചു. ഇതിന് ഗവർണർ, താരത്തോട് ക്ഷമ ചോദിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്.

ബെംഗളൂരു താരമായ ശിവശക്തി നാരായണനെ സമ്മാനദാനത്തിനിടെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയിൽ ഇടം പിടിക്കാനാണ് അതിഥികൾ ഫുട്‌ബോൾ താരങ്ങളെ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.

മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ബെംഗളൂരു എഫ്‌സി ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയത്. ഡ്യൂറൻഡ് കപ്പിന്റെ 131ാം എഡിഷൻ ഫൈനലിൽ ശിവശക്തി, അലൻ കോസ്റ്റ എന്നിവരാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. മുംബൈ സിറ്റിക്കുവേണ്ടി അപൂയ ആശ്വാസ ഗോൾ നേടി.