ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സംഘത്തിലെ അംഗമായിരുന്ന സതീഷ് ചന്ദ്ര വർമയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. പിരിച്ചുവിട്ട ഉത്തരവിനെ ചോദ്യംചെയ്യാനുള്ള സാവകാശമാണ് സതീഷ് ചന്ദ്ര വർമയ്ക്ക് കോടതി നൽകിയത്. ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. 

ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവിന്മേലുള്ള സ്റ്റേ ഒരാഴ്ചയ്ക്കപ്പുറം തുടരണമോ എന്ന ചോദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിരമിക്കുന്നതിന് ഒരു മാസം മുൻപ് ഓഗസ്റ്റ് 30നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർമയെ പിരിച്ചുവിട്ടത്. രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു എന്നതുൾപ്പെടെയാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്.

2016ലാണ് വർമയ്‌ക്കെതിരായ അച്ചടക്ക നടപടി തുടങ്ങിയത്. അച്ചടക്ക നടപടിക്കെതിരായ വർമയുടെ ഹരജി പരിഗണിക്കുന്നതിനിടെയാണ് പിരിച്ചുവിടൽ ഉത്തരവ്. 2021ൽ അച്ചടക്ക നടപടികൾ തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും മറ്റ് നടപടികളുണ്ടാവരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അന്വേഷണം പൂർത്തിയായെന്നും അന്തിമ തീരുമാനമെടുക്കാൻ അനുവദിക്കണമെന്നും കേന്ദ്രസർക്കാർ അപേക്ഷ നൽകി.

തുടർന്ന് കോടതി അനുമതി നൽകി. എന്നാൽ തീരുമാനം വർമയ്ക്ക് എതിരാണെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേദിവസം തന്നെ കേന്ദ്രസർക്കാർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചു. വർമയ്ക്ക് നിയമവഴി തേടാൻ അവസരം നൽകാൻ ഉത്തരവ് നടപ്പാക്കുന്നത് സെപ്റ്റംബർ 19 വരെ നീട്ടിവെയ്ക്കാൻ കോടതി ആവശ്യപ്പെട്ടു. പിന്നാലെ സതീഷ് ചന്ദ്ര വർമ സുപ്രിംകോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സതീഷ് ചന്ദ്രയ്ക്കായി ഹാജരായത്. കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത ഹാജരായി.