- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃത മദ്യവിൽപന: പൊലീസ് പിടികൂടുന്നവരെ മോചിപ്പിക്കാൻ പാവപ്പെട്ടവർ പെൺമക്കളെ വിൽക്കുന്നു; ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെ സാഹചര്യം വെളിപ്പെടുത്തി പ്രജ്ഞാ സിങ്
ഭോപാൽ: മധ്യപ്രദേശിൽ താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെ പാവപ്പെട്ടവർ, പൊലീസുകാർക്ക് പണം നൽകാനായി, പെൺമക്കളെ വിൽക്കാൻ നിർബന്ധിതരായെന്ന വെളിപ്പെടുത്തലുമായി ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ 'ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ' ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
''ആ ഗ്രാമങ്ങളിലെ ജനങ്ങൾ ദരിദ്രരാണ്. അവർ അനധികൃത മദ്യം ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. പൊലീസ് പിടിക്കൂടുന്നവരെ മോചിപ്പിക്കാനായി അവർ അവരുടെ പെൺമക്കളെ വിൽക്കുന്നു. പെൺമക്കളെ വിറ്റുകിട്ടുന്ന പണം പൊലീസിന് നൽകുന്നു'' അവർ പറഞ്ഞു.
ഭോപാലിൽനിന്നുള്ള എംപിയായ പ്രജ്ഞാ സിങ്ങിന്റെ പരാമർശത്തോടു പ്രതികരിച്ച് കോൺഗ്രസ് വക്താവും മധ്യപ്രദേശ് വനിതാ കമ്മിഷൻ അംഗവുമായ സംഗീത ശർമ രംഗത്തെത്തി.
''ഇത് സങ്കടകരവും അപലപനീയവുമാണ്. 18 വർഷമായി ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ അധികാരത്തിലാണ്. ബേഠി പഠാവോ, ബേഠി ബച്ചാവോ ക്യാംപെയ്ൻ പോലുള്ള വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. സംസ്ഥാന തലസ്ഥാനമായ ഭോപാലിലെ സ്ഥിതി ഇതാണ്.
ബിജെപി എംപി തന്നെ അടിസ്ഥാന യാഥാർഥ്യങ്ങൾ വിവരിക്കുകയാണ്. മധ്യപ്രദേശിൽ നടക്കുന്ന വലിയ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ഈ കുട്ടികളെ ആർക്കാണു വിൽക്കുന്നതെന്നും വാങ്ങുന്നവർ ആരാണെന്നും പ്രജ്ഞാ സിങ് ഠാക്കൂർ വെളിപ്പെടുത്തണം'' സംഗീത ശർമ ആവശ്യപ്പെട്ടു.