ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സമുദ്രാന്തർ റെയിൽ തുരങ്കപാത ഒരുങ്ങുന്നു. തുരങ്കത്തിന്റെ ഏഴ് കിലോമീറ്ററോളം സമുദ്രാന്തർഭാഗത്തായിരിക്കുമെന്നാണ് റിപ്പോർട്ട്. 21 കിലോമീറ്റർ നീളമുള്ള തുരങ്കപാത നിർമ്മാണത്തിനായി നാഷണൽ ഹൈ സ്പീഡ് റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (NHSRCL) കരാർ ക്ഷണിച്ചു.

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ ഭരണത്തിലേറിയതിന് ശേഷമാണ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിനായുള്ള നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അതിന് മുമ്പ് ടെൻഡറുകൾ വിളിക്കുകയും പിന്നീട് നിർമ്മാണപ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുമായിരുന്നു. ആ ടെൻഡറുകൾ പുതിയ സർക്കാർ പുതുക്കുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ബാന്ദ്ര-കുർള കോംപ്ലക്സിലെ ഭൂഗർഭ സ്റ്റേഷൻ മുതൽ താനെയിലെ ശിൽഫാട്ട വരെയാണ് തുരങ്കം നിർമ്മിക്കുന്നത്. ഭൂമി തുരക്കുന്നതിനുള്ള പ്രത്യേക യന്ത്രവും ന്യൂ ഓസ്ട്രേലിയൻ ടണലിങ് മെത്തേഡും ഡും (NATM) ഉപയോഗപ്പെടുത്തിയാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഏഴ് കിലോമീറ്ററോളം ദൈർഘ്യം വരുന്ന തുരങ്കത്തിന്റെ സമുദ്രാന്തർഭാഗം ഇന്ത്യയിലെ ആദ്യ സമുദ്രഗർഭ തുരങ്കപാതയായിരിക്കും.

കഴിഞ്ഞ കൊല്ലം നവംബറിലാണ് തുരങ്കപാത നിർമ്മിക്കാനുള്ള കരാറുകൾ എൻഎച്ച്എസ്ആർസിഎൽ ക്ഷണിച്ചത്. എന്നാൽ 'ഭരണപരമായ കാരണങ്ങൾ' ചൂണ്ടിക്കാട്ടി 2022-ൽ കരാറുകൾ റദ്ദാക്കിയിരുന്നു. 2019-ൽ കരാർ ക്ഷണിച്ചിരുന്നെങ്കിലും കരാറേറ്റെടുക്കാൻ ആരും വന്നിരുന്നില്ല. 2021-ൽ വീണ്ടും ടെൻഡറുകൾ ക്ഷണിച്ചു. ബാന്ദ്ര-കുർള കോംപ്ലക്സ് ഉൾപ്പെടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് മുൻസർക്കാർ നേരിട്ടത്.