ഭോപ്പാൽ: ഗോത്രവിഭാഗക്കാരിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. ക്ലാസിലെ മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് നിർബന്ധപൂർവം യൂണിഫോം അഴിപ്പിച്ചതിനാണ് അദ്ധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മുഷിഞ്ഞ യൂണിഫോം ധരിച്ചെത്തിയതിനാലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് യൂണിഫോം അഴിച്ചുമാറ്റാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടത്.

ശഹ്ഡോൽ ജില്ലയിൽ ഗോത്രകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്‌കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച പെൺകുട്ടി തന്റെ വസ്ത്രങ്ങൾ കഴുകുന്നതും സമീപത്ത് അദ്ധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിയും സഹപാഠികളും നിൽക്കുന്നതുമായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വസ്ത്രങ്ങൾ ഉണങ്ങുന്നതുവരെ വിദ്യാർത്ഥിനിക്ക് അതേ നിലയിൽ ക്ലാസിലിരിക്കേണ്ടി വന്നതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവത്തിന്റെ ചിത്രങ്ങൾ ഗോത്രകാര്യ വകുപ്പിന്റേയും മറ്റും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകൻ തന്നെ ഷെയർ ചെയ്തു. 'സ്വച്ഛ മിത്ര' ( വ്യത്തിയുടെ സന്നദ്ധസേവകൻ) എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു അദ്ധ്യാപകൻ ചിത്രങ്ങൾ പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ചെളിപുരണ്ട യൂണിഫോം മറ്റു വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് അഴിച്ചുമാറ്റാനും അലക്കിയിടാനും അദ്ധ്യാപകൻ നിർബന്ധിച്ചതായും അദ്ധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും മധ്യപ്രദേശ് ട്രൈബൽ വെൽഫെയർ ഡിപാർട്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ആനന്ദ് റായ് സിൻഹ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.