- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോസ്റ്റ്മോർട്ടം ചെയ്തത് താഴ്ന്ന ജാതിയിൽപെട്ട ഡോക്ടർ; യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും നാട്ടുകാരും; ശ്മശാനത്തിലെത്തിച്ചത് ബൈക്കിൽ
ബർഗഡ്: പോസ്റ്റുമോർട്ടം ചെയ്തത് താഴ്ന്ന ജാതിക്കാരനായ ഡോക്ടറാണെന്ന കാരണത്താൽ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച് ബന്ധുക്കളും നാട്ടുകാരും. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയതിനാൽ ബഹിഷ്‌ക്കരിക്കപ്പെടുമെന്ന് ഭയന്ന് ബന്ധുക്കൾ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് ബൈക്കിൽ കൊണ്ടുപോകേണ്ടി വന്നു. ഒഡീഷയിലെ ബർഗഡ് ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ദിവസക്കൂലിക്കാരനായ മുചുനു സന്ധയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സക്കിടെ അദ്ദേഹം മരിച്ചു. തുടർന്ന് അദ്ദേഹത്തെ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം വെള്ളിയാഴ്ച ആംബുലൻസിൽ ജന്മഗ്രാമത്തിലേക്ക് കൊണ്ടുപോയി.
ഗ്രാമത്തിൽ, മുചുനുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീടിനുള്ളിൽ കിടത്തി. ഗർഭിണിയായ ഭാര്യയും മൂന്ന് വയസുള്ള മകളും അമ്മയും അതിന് ചുറ്റും ഇരുന്നു കരഞ്ഞു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്നോ ബന്ധുക്കളോ ആരും തന്നെ അന്ത്യകർമങ്ങൾക്കായി എത്തിയില്ല. തുടർന്നാണ് ഗ്രാമപഞ്ചായത്ത് സർപഞ്ചിന്റെ ഭർത്താവ് സുനിൽ ബെഹ്റ മൃതദേഹം സംസ്‌കരിക്കാൻ ബൈക്കിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്.
ആശുപത്രിയിൽ നിന്ന് മുചുനുവിന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ച ആംബുലൻസിന് പണം നൽകാനും സുനിൽ മാത്രമാണ് ഉണ്ടായിരുന്നത്. 8000 രൂപ പലരിൽനിന്നും ശേഖരിച്ച് ആംബുലൻസ് കൂലി നൽകുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ഗ്രാമത്തിലുള്ളവർ അതൃപ്തരാണെന്നും അതിനാലാണ് ആരും പ?ങ്കെടുക്കാതിരുന്നതെന്നും തനിക്ക് ബൈക്കിൽ മൃതദേഹം ശ്മശാനത്തിലേക്ക് എത്തിക്കേണ്ടിവന്നുവെന്നും സുനിൽ പറഞ്ഞു.
മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ സുനിൽ ആംബുലൻസ് ഡ്രൈവറോടും മറ്റുള്ളവരോടും ആവശ്യപ്പെടുകയും അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ആംബുലൻസ് പാതിവഴിയിൽ നിർത്തേണ്ടി വന്നതിനെ തുടർന്ന് സുനിൽ മൃതദേഹം ബൈക്കിൽ കെട്ടി ആംബുലൻസ് ഡ്രൈവറുടെയും സഹായികളുടെയും സഹായത്തോടെ സംസ്‌കാരത്തിനായി കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തി.