ന്യൂഡൽഹി: രാജസ്ഥാനിൽ അധികാര തർക്കം തുടരുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ മധ്യപ്രദേശ് മുന്മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ സഹായം തേടി കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തർക്കത്തിന് കമൽനാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്നാണ് കോൺഗ്രസ് നേതൃത്വം പരിശോധിക്കുന്നത്.

പ്രശ്ന പരിഹാരത്തിന് കമൽനാഥിനെ കൂടി നിയോഗിച്ചേക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് കമൽനാഥ് എത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. പകരം കമൽനാഥിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ഡൽഹിയാത്രയെന്നും റിപ്പോർട്ടുകളുണ്ട്. ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ് കമൽനാഥ്.

രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകാനാവില്ലെന്ന കടംപിടിത്തത്തിലാണ്. 2020-ൽ സച്ചിൻ ഒരുപറ്റം എംഎ‍ൽഎമാരുമായി ചേർന്ന് സർക്കാരിനെ വീഴ്‌ത്താൻ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ഡൽഹിയിൽനിന്നെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചയ്ക്കും എംഎ‍ൽഎമാർ ഇനിയും തയ്യാറായിട്ടില്ല. അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എംഎ‍ൽഎമാരാണ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അജയ് മാക്കനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം ചർച്ച ചെയ്തത്. തുടർന്ന് കെ.സി. വേണുഗോപാലിനെ അദ്ദേഹം ഡൽഹിയിലേക്ക് അയയ്ക്കുകയും ചെയ്തെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു