ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെ പി നഡ്ഡ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകസഭാ തിരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ നഡ്ഡ തന്നെ ഒരു ടേം കൂടി തുടരട്ടെയെന്നാണ് പാർട്ടി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ അധ്യക്ഷ സ്ഥാനത്ത് നഡ്ഡ മൂന്ന് വർഷം പൂർത്തിയാകാനിരിക്കെയാണ് കാലാവധി നീട്ടാൻ ആലോചിക്കുന്നത്.

2020 ൽ അമിത് ഷാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ജെ പി നഡ്ഡ ബിജെപി അധ്യക്ഷസ്ഥാനത്തെത്തിയത്. അതേസമയം ബജെപി പ്രവർത്തക സമ്മേളനത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ജെ പി നഡ്ഡ ഉയർത്തിയത്.

ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്നും അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് സർക്കാർ പോകുന്നതെന്നും ജെ പി നഡ്ഡ വിമർശിച്ചു. കോവിഡ് കാല പർച്ചേഴ്‌സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമർശനം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പരാമർശിച്ച നഡ്ഡ, സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദത്തിന്റെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുകയാണെന്നും നഡ്ഡ ആരോപിച്ചു.