റായ്പുർ: കറുത്ത നിറത്തിന്റെ പേരിൽ തുടർച്ചയായി കളിയാക്കിയ ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി . ഛത്തീസ്‌ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. 30-കാരിയായ സംഗീത സ്വൻവാനി എന്ന യുവതിയാണ് നിറത്തിന്റെ പേരിൽ വിരൂപയെന്ന് വിളിച്ച് ആക്ഷേപിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

അംലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ആനന്ദ് സ്വൻവാനി എന്ന 40-കാരനാണ് കൊലപ്പെട്ടത്. ആനന്ദിന്റെ രണ്ടാം ഭാര്യയാണ് സംഗീത. ആനന്ദിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പത്താൻ ഏരിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദേവാൻഷ് റാത്തോഡ് പറഞ്ഞു. സംഭവത്തേത്തുടർന്ന് ഭാര്യ സംഗീത സ്വൻവാനിയെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

കറുത്ത നിറത്തിന്റെ പേരിൽ സംഗീതയെ തുടർച്ചയായി കളിയാക്കുമായിരുന്ന ആനന്ദ് അവരെ വിരൂപയെന്നും വിളിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യം പറഞ്ഞ് ദമ്പതിമാർ മുമ്പും വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രി ദമ്പതികൾ തർക്കത്തിലേർപ്പെടുകയും പ്രകോപിതയായ സംഗീത വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പിറ്റേന്ന് രാവിലെ, ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ സംഗീത ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.