ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് മോഹൻ ഭാഗവതിനെ 'രാഷ്ട്രപിതാവ്' എന്നു വിളിച്ചത് മുതൽ തനിക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് വെളിപ്പെടുത്തി ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസി.

സെപ്റ്റംബർ 22ന്, ഡൽഹിയിലെ മുസ്ലിം പള്ളി സന്ദർശിച്ച ഭാഗവത് മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ഇല്യാസി ഭാഗവതിനെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്.

അന്താരാഷ്ട്ര ഫോൺ നമ്പരുകളിൽ നിന്ന് തനിക്ക് ആവർത്തിച്ച് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് എന്റെ ക്ഷണപ്രകാരം മോഹൻ ഭാഗവത് ജി സന്ദർശിച്ചു. അദ്ദേഹം 'രാഷ്ട്രപിതാ'വും 'രാഷ്ട്ര ഋഷി'യുമാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന് ഒരു നല്ല സന്ദേശം പുറത്തുവരും. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' -ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.