ഗാന്ധിനഗർ: ഗുജറാത്തിൽ ആംബുലൻസ് കടന്നുപോകുന്നതിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, വെള്ളിയാഴ്ച അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യാത്രാമധ്യേ ആംബുലൻസിന് വഴി നൽകാനായി വാഹനവ്യൂഹം അൽപനേരം വഴിയരികിൽ നിർത്തിയിടുകയായിരുന്നു.

ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെൽ പങ്കുവെച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിർത്തുന്നതും ആംബുലൻസ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ ദൂരദർശൻ സെന്ററിന് സമീപം പൊതുറാലി കഴിഞ്ഞ് ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ആംബുലൻസ് കടന്നുപോയ ശേഷമാണ് യാത്ര തുടർന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'മോദിയുടെ കാലത്ത് വിഐപി സംസ്‌കാരമില്ല' എന്ന അടിക്കുറിപ്പോടെ ബിജെപി നേതാവ് രുത്വിജ് പട്ടേൽ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു.

ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി ഗാന്ധിനഗർ- മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. അഹമ്മദാഹാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും ഉദ്ഘാടനം ചെയ്തു.