ബംഗ്ലൂരു : രാജ്യത്ത് കോൺഗ്രസിനെ കൂടി നിരോധിക്കേണ്ട സമയമായെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പോലുള്ള സംഘടനകൾക്ക് എല്ലാ സഹായവും നൽകുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് കട്ടീൽ ആരോപിച്ചു.

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന സംഘടനകളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിരോധിക്കുകയാണ് വേണ്ടതെന്നും കട്ടീൽ പറഞ്ഞു. രാജ്യത്തിന് ഭീഷണിയാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിടാൻ ഗാന്ധിജി പറഞ്ഞതെന്നും കർണാടക ബിജെപി അധ്യക്ഷൻ പ്രതികരിച്ചു.

നളീൻ കുമാർ കട്ടീലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അന്വേഷണ ഏജൻസികളെ വച്ച് വേട്ടയാടിയിട്ടും ഒന്നും ലഭിക്കാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകളുമായി ബിജെപി രംഗത്തെത്തുന്നത് എന്ന് ഡി കെ ശിവകുമാർ പ്രതികരിച്ചു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വാക്‌പോര്.